Tuesday, June 2, 2009








"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.'' (51:56-58)
ഇസ്ലാം പരിചയപ്പെടുത്തുന്ന സാക്ഷാല്‍ സത്യദൈവമായ അല്ലാഹുവിന്റെ അതിവിശിഷ്ടമായ ഗുണ വിശേഷണങ്ങളിലൊന്നാണ് ഉപജീവനം നല്‍കുന്നവനാണ് അവന്‍ എന്നത്. മനുഷ്യനും ഇതര ജീവജാലങ്ങളും ഉപജീവനം ആവശ്യമുള്ളവരാണ്. അവക്ക് വേണ്ട അന്ന പാനീയങ്ങള്‍ ഈ ലോകത്ത് സംവിധാനിക്കപ്പെട്ടിട്ടില്ലെങ്കില്‍ അവയൊക്കെയും നശിച്ചുപോകുമെന്നതില്‍ സംശയമില്ല. പാടത്തും പറമ്പിലും അദ്ധ്വാനിക്കുന്ന കര്‍ഷകര്‍ മുതല്‍ വാനലോകത്തിലൂടെ ശ്വാസമടക്കി വിമാനങ്ങള്‍ പറത്തുന്ന വൈമാനികര്‍ വരെയും ഉപജീവനത്തിനായി കഷ്ടപ്പെടുന്നവരാണ്. ചോര നീരാക്കി അദ്ധ്വാനിക്കുന്നതിന്റെ പിന്നിലുള്ള കാര്യമായ ഒരാവശ്യം ഒരുചാണ്‍ വയറിന്റെ പ്രശ്നം തന്നെയാണന്നര്‍ഥം. കഷ്ടപ്പെട്ടു അദ്ധ്വാനിച്ച് പണമുണ്ടാക്കി എന്നു വെക്കുക. എന്നാല്‍ പട്ടിണിയും ഭക്ഷ്യ ക്ഷാമവും നേരട്ടിലോ? ജീവന്റെ തുടിപ്പിന് അനിവാര്യമായ മഴ ഇല്ലാതെയായാലോ? നാം ആരോട് പരാതി പറയും? ആര് മമ്മെ സഹായിക്കും? നിലം ഉഴുതുമറിച്ച് വിത്തിറക്കി വെള്ളവും വളവുമൊക്കെ നല്‍കിയിട്ടും വിത്തു മുളച്ചില്ലെങ്കിലോ? വളര്‍ന്നു വലുതായി കര്‍ഷകര്‍ക്ക് പ്രതീക്ഷയും ആനന്ദവും നല്‍കിയ കൃഷി വിളവെടുക്കാന്‍ കഴിയാതെ നശിച്ചുപോയാലോ? നാം ആരോട് സങ്കടം ബോധിപ്പിക്കും? നമ്മുടെ വിഷമതകളകറ്റാന്‍ ആര്‍ക്കാണ് കഴിയുക? കോടാനുകോടി ജീവജാലങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ ആര്‍ക്കാണ് സാധിക്കുക? സംശയമില്ല, സര്‍വ്വ ശക്തനായ അല്ലാഹുവിനു മാത്രമേ നമ്മേ സഹായിക്കാന്‍ കഴിയൂ. അവനോടു മാത്രമേ ആവലാതിപ്പെട്ടിട്ട് കാര്യമൊള്ളൂ. നബി(സ)യും അനുചരന്‍മാരും വരള്‍ച്ച ബാധിച്ച ഘട്ടത്തില്‍ സര്‍വ്വ ശക്തനായ അല്ലാഹുവിനോട് മഴക്കുവേണ്ടി പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്ത നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. മഴക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനയും നബി(സ) പഠിപ്പിച്ചിട്ടുണ്ട്.ഖുര്‍ആന്‍ ചോദിക്കുന്നത് കാണുക: "എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണ്ടേയിരിക്കുമായിരന്നു; തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു. അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്. (56:63-67)വീണ്ടും അല്ലാഹു ചോദിക്കുന്നു: "ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍?നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?'' (56:68-70)അതുകൊണ്ടു തന്നെ ദാരിദ്രം ഭയന്നു കൊണ്ട് സന്താനങ്ങളെ കൊന്നു കളയുന്ന കാടന്‍ പ്രവണതയെ ഖുര്‍ആന്‍ ശക്തമായി എതിര്‍ക്കുന്നു. "ദാരിദ്യ്ര ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.'' (17:31)വിവിധയിനം സസ്യ ലദാതികളും കായ്കനികളും ഉല്‍പാദിച്ചു തരുന്ന സര്‍വ്വ ശക്തനായ അല്ലാഹു കാരുണ്യവാനും നമ്മുടെ അന്ന ദാതാവുമാണ്.ഖുര്‍ആന്‍ പറയുന്നു: "എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി, എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും. പഴവര്‍ഗവും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.''(80:24-32)ആ അന്നദാതാവിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് അവനെ തീറ്റിപ്പോറ്റണമെന്ന് നമ്മളോട് ആവശ്യപ്പെടുന്നില്ല. കാരണം അവന്‍ ആരുടെയും ആശ്രയമാവശ്യമില്ലാത്ത സര്‍വ്വ ശക്തനാണ്. മറിച്ച് നന്ദി സൂചകമായി അവനെ മാത്രം ആരാധിക്കണമെന്നും അവനോട് മാത്രം പ്രാര്‍ഥിക്കണമെന്നു മാണ് അവന്‍ നമ്മളോട് നിര്‍ദേശിച്ചത്. വിശുദ്ധ ഖുര്‍ആന്‍ (51:56-58)ലൂടെ ഉണര്‍ത്തുന്നത് അക്കാര്യമാണ്.

No comments:

Post a Comment